ഇനി നിങ്ങൾക്കും കാറിന്റെ ഗിയർ ഇടാം ഈസിയായി
പുതിയതായി കാർ ഓടിക്കാൻ പഠിക്കുന്നവർക്ക് എപ്പോഴും ഒരു ബാലികേറാമലയായി തോന്നിയിട്ടുള്ളത് അതിന്റെ ഗിയർ അതാത് പൊസിഷനിൽ ഇടുക എന്നുള്ളതാണ്. ഉദ്ദേശിച്ച പോലെ ഗിയർ കൃത്യമായി സ്ഥാനത്തു വീണില്ല എന്നുണ്ടെങ്കിൽ കാർ ഇടയിൽ ചിലപ്പോ നിന്ന് പോയെന്ന് വന്നേക്കാം. ഗിയർ വീഴാത്തത് മൂലം കാർ റോഡിന്റെ നടുവിൽ വച്ച് നിന്ന് പോയാൽ അത് ഒരുപക്ഷെ നിങ്ങളുടെ ആത്മവിശ്വാസം തന്നെ നഷ്ടപ്പെടുത്തിയേക്കാം. എന്നാൽ ചെറിയ ചില കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി ശ്രദ്ധിച്ചാൽ നിങ്ങൾക്കും ഈസിയായി ഗിയർ ഇടാൻ സാധിക്കും.
പുതിയ കാറുകൾക്ക് സാധാരണയായി അഞ്ച് ഗിയറുകൾ കാണപ്പെടാറുണ്ട്. ഒപ്പം ഒരു ന്യൂട്രൽ പൊസിഷനും റിവേഴ്‌സ് ഗിയറും ഉണ്ടാകും. ആദ്യമായി ന്യൂട്രൽ പൊസിഷൻ മനസ്സിലാക്കുക എന്നുള്ളതാണ് അടിസ്ഥാന കാര്യം. ഗിയർ ലിവറിന്റെ നടുക്കായിട്ട് വരും ഇത്.
കാർ സ്റ്റാർട്ട് ചെയ്‌ത് ഓടിച്ചു തുടങ്ങുമ്പോൾ അല്ലെങ്കിൽ നിർത്തിയിട്ട് വീണ്ടും തുടങ്ങുമ്പോൾ 1st ഗിയറിൽ ആണ് തുടങ്ങുക. 1st ഗിയർ ഇടാനായി ന്യൂട്രൽ പൊസിഷനിൽ നിന്നും ഇടത്തേയ്ക്ക് മാറ്റി നേരേ നീക്കുക. 1st ഗിയറിൽ നിന്നും 2nd ഗിയറിലേക്ക് വരുവാനായി ഗിയർ ലിവർ പതുക്കെ താഴേക്ക് കൊണ്ടുവന്ന് ന്യൂട്രൽ പൊസിഷനിലാക്കി ലിവർ ഇടത്തേയ്ക്ക് തള്ളിക്കൊണ്ട് താഴ്ത്തുക.
2nd ഇൽ നിന്നും 3rd ഗിയറിലേക്ക് മാറ്റാൻ ലിവർ പതുക്കെ മുകളിലേക്ക് കൊണ്ടുവന്ന് ന്യൂട്രൽ പൊസിഷനിൽ ആക്കി മുകളിലേക്ക് മാറ്റുക. 4th ലേക്ക് മാറ്റാൻ ലിവർ താഴേക്ക് മാറ്റി ന്യൂട്രലിൽ കൊണ്ടുവന്ന് വീണ്ടും താഴേക്ക് മാറ്റുക. 4th ഗിയറിൽ നിന്നും അഞ്ചാമത്തെ ഗിയറിലേക്ക് വരുവാൻ ലിവർ പതുക്കെ മുന്നോട്ട് നീക്കി ന്യൂട്രലാക്കി വലത്തോട്ട് തള്ളി വീണ്ടും മുന്നോട്ട് നീക്കുക.
ഇനി റിവേഴ്‌സ് ഇടുവാനായി ന്യൂട്രലിൽ നിന്നും വലത്തോട്ട് മാറ്റി താഴേക്ക് നീക്കുക.
മേൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നാലും വിദഗ്ദ്ധരുടെ ഒപ്പമുള്ള പ്രാക്ടിക്കൽ ട്രെയിനിങ് അനിവാര്യമാണ്.