ആഘോഷങ്ങളിൽ നിങ്ങൾക്കും തിളങ്ങാം പോക്കറ്റ് കീറാതെ.
ആഘോഷാവസരങ്ങളായ കല്യാണം, എൻഗേജ്മെന്റ്, പാലുകാച്ചൽ, നൂലുകെട്ട് തുടങ്ങി എന്തുമാകട്ടെ അതിൽ മിന്നിത്തിളങ്ങി നിൽക്കാൻ നമ്മൾ എപ്പോഴും ആഗ്രഹിക്കാറുണ്ട്. ഓരോ ആഘോഷങ്ങൾക്കും വ്യത്യസ്തമായിരിക്കാൻ വിലകൂടിയ വസ്ത്രങ്ങളും അതിനൊത്ത അക്സസ്സറീസും, ബാഗും, ചെരിപ്പും ഒക്കെ വാങ്ങി പോക്കറ്റ് കാലിയാകുന്നത് സാധാരണം. എന്നാൽ താഴെ പറയുന്ന കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ പോക്കറ്റ് കാലിയാകാതെ തന്നെ വിശേഷാവസരങ്ങളിൽ നിങ്ങൾക്കും താരമാകാം.
1.ആദ്യമായി ഷോപ്പിങ്ങിനു പോകുന്നതിനു മുൻപ് തന്നെ എന്തൊക്കെയാണ് വാങ്ങേണ്ടതെന്ന് കൃത്യമായി പ്ലാൻ ചെയ്യുക. അതുപോലെതന്നെ എന്തൊക്കെയാണ് വാങ്ങേണ്ടാത്തത് എന്നും തീരുമാനിക്കുക. ആവശ്യമുണ്ടെന്നു തോന്നുന്നത് മാത്രം വാങ്ങുക. കാരണം വിശേഷാവസരം എപ്പോഴും വരും. അപ്പോഴൊക്കെ എന്തെങ്കിലും പുതിയത് എടുക്കേണ്ടതായി വരും. അതുകൊണ്ട് അമിത ചിലവ് ഒഴിവാക്കുക.
2.ഷോപ്പിങ്ങിനു പോകും മുൻപ് ബഡ്ജറ്റിനെ കുറിച്ച് വ്യക്തമായ കാൽക്കുലേഷൻ റെഡി ആക്കുക. ഉദാഹരണത്തിന് 4000 രൂപയാണ് ഡ്രെസ്സിനും, അക്സസ്സറീസിനും, ചെരിപ്പിനും കൂടിയുള്ള ബഡ്ജറ്റ് എങ്കിൽ ഓരോന്നിനും എത്ര തുക വേണ്ടിവരുമെന്ന് മനസ്സിൽ ഒരു പ്ലാനിംഗ് ഉണ്ടാക്കുക. എന്നിട്ട് അതിനനുസരിച്ചു മാത്രം പർചേസ് ചെയ്യുക. അപ്പോൾ കൃത്യമായ ബഡ്ജറ്റിനുള്ളിൽ ഷോപ്പിംഗ് തീർക്കാൻ പറ്റും.
3.ഷോപ്പിങ്ങിനു പോകുമ്പോൾ പരസ്യം കണ്ട് ആകൃഷ്ടരായി വില നോക്കാതെ വാങ്ങിയാൽ പോക്കറ്റ് കാലിയാകും. അതുകൊണ്ട് എപ്പോഴും കടയിൽ ചെല്ലുമ്പോൾ നമ്മുടെ ബഡ്ജറ്റ് എത്രയാണെന്ന് പറഞ്ഞാൽ അവർ അതിനനുസരിച്ചിട്ടുള്ള വസ്ത്രങ്ങളാകും നമ്മളെ കാണിക്കുക. അതിൽ നിന്നും നമുക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കാം.
4.വിശ്വസ്തതയുള്ള ഓൺലൈൻ സൈറ്ററുകളെ നോക്കാവുന്നതാണ്. നല്ല ബ്രാൻഡഡ് വസ്ത്രങ്ങൾ പലപ്പോഴും ഓഫറിൽ ലഭ്യമാകാറുണ്ട്.
5.കണ്ണടച്ച് സെലക്ട് ചെയ്യാതെ കൊടുക്കുന്ന വിലയ്ക്ക് ഉതകുന്നതാണോ തങ്ങൾ വാങ്ങിക്കുന്ന വസ്ത്രങ്ങൾ എന്ന് പ്രത്യേകം നോക്കേണ്ടതുണ്ട്. ഓണം, ക്രിസ്മസ് പോലുള്ള വിശേഷാവസരണങ്ങളിൽ വരുന്ന ഡിസ്കൗണ്ട്കൾ ഉപയോഗിക്കാവുന്നതാണ്.
6.വ്യത്യസ്തതയുള്ള ഡിസൈനോ കളർ കോമ്പിനേഷനോ കൊണ്ട് പെയർ ചെയ്താൽ വസ്ത്രങ്ങൾക്ക് ഒരു പ്രെത്യേക എലഗൻസി കൈവരും. ഒപ്പം ക്ലാസിക് അക്സസ്സറീസ് കൂടിയായാൽ നിങ്ങൾ തന്നെയാകും താരം. അത് പക്ഷെ കൃത്യമായ ധാരണയോടെ ചെയ്തില്ലെങ്കിൽ പാളിപ്പോയേക്കാം.
ഒന്നോർക്കുക വിലകൂടിയ വസ്ത്രങ്ങളിൽ മാത്രമേ എന്നെ എല്ലാവരും ശ്രദ്ധിക്കുകയുള്ളൂ എന്നത് തീർത്തും തെറ്റായ ധാരണയാണ്. എലഗന്റ് ആയ വസ്ത്രധാരണവും മാന്യമായ പെരുമാറ്റരീതിയും ഒരു വ്യക്തിയ്ക്ക് എവിടെയും മുൻതൂക്കം നൽകുന്നു.